Latest Updates

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി മേയ് 20ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല പറഞ്ഞു. നിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ മുൻപിലുള്ളത്. വഖഫ് ബൈ യൂസർ, വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും മുസ്ലീമല്ലാത്തവരെ നാമനിർദ്ദേശം ചെയ്യൽ, വഖഫ് നിയമപ്രകാരം സർക്കാർ ഭൂമിയുടെ തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങളിൽ ഇടക്കാല ഉത്തരവിന്റെ ആവശ്യമുണ്ടോ എന്ന് കോടതി ഇനി പരിഗണിക്കും. ഹിന്ദു കക്ഷികൾ സമർപ്പിച്ച 1995ലെ വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ മേയ് 20ന് പരിഗണിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മുന്‍പ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചിരുന്നത്. വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത് തുടങ്ങിയ മുൻ ഉത്തരവിന്റെ കാലാവധി മെയ് 20 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice